Thursday, 7 June 2012

ഒരു മഴ ദിവസത്തിന്‍റെ ഓര്‍മയ്ക്ക് ...

ഒരു വര്‍ഷം ... പാഞ്ഞു പോയ ഈ ഒരു വര്‍ഷം നമ്മില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത്? എന്നും ഒരു വിളിപ്പാടകലെ ഉണ്ടായിരുന്ന നീ ഇപ്പൊ എവിടെയാണ്? എന്ത് ചെയ്യുകയാണ്?? അറിയില്ല!!

കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസം ഒരു മഴക്കാലത്തിന പ്പുറത്ത് എനിക്ക് തെളിഞ്ഞു കാണാം.. നമ്മള്‍ ഒന്നിച്ചുള്ള  കോഴിക്കോട് യാത്ര.. പതിവ് പോലെ പറഞ്ഞുറപ്പിച്ച സമയത്തില്‍ നിന്നും ഒരു മണിക്കൂര്‍ വൈകിയ ഞാനും, കൃത്യനിഷ്ട്ടയില്‍ എന്നെ തോല്‍പ്പിച്ച് അതിലും വൈകിയെത്തിയ നീയും.. അങ്ങനെ എന്നും വൈകിയോടുന്ന ട്രെയിന്‍ പോലെ നമ്മുടെ യാത്ര.. കെ.എസ്‌.ആര്‍.ടി.സിയില്‍ തിക്കിത്തിരക്കി രണ്ടു സീറ്റ് ഒപ്പിച്ചു നെടുവീര്‍പ്പിട്ടുകൊണ്ട് തുടക്കം. അകന്നു തുടങ്ങിയിരുന്നെങ്കിലും മനസ്സുകള്‍ നേര്‍ത്ത വെള്ളിനൂല് കൊണ്ട് ബന്ധിച്ചിരുന്നു അപ്പോഴും, അല്ലേ? എത്രയകന്നാലും മിണ്ടാതിരുന്നാലും ഒറ്റ നിമിഷം കൊണ്ട് അതെല്ലാം മറന്ന്, ഇന്നലെ സംസാരിച്ച് നിര്‍ത്തിയിടത്തു നിന്ന് തുടങ്ങുന്ന പോലെ സംസാരിക്കുമായിരുന്നു നമ്മള്‍.. അന്ന് പക്ഷെ എനിക്ക് നിന്നോട് സംസാരിക്കാനേ തോന്നിയില്ല! എന്‍റെ  മനസ് വായിച്ചിട്ടെന്ന  വണ്ണം നീ സംസാരിച്ച് തുടങ്ങി..; മഞ്ഞുരുകി... എന്നത്തെയും പോലെ കോഴിക്കോട്ടെത്തുന്ന വരെ നമ്മള്‍ വായടച്ചില്ല..,നിന്‍റെയും എന്‍റെയും വിശേഷങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, കേട്ട പാട്ടുകള്‍... രസായിരുന്നു.. പോവുന്ന വഴി രണ്ടു തവണ ബസ്‌ ബ്രേക്ക്‌ ഡൌണായി. അങ്ങനെ രണ്ടു ബസ്‌ മാറിക്കേറി നമ്മള്‍ കോഴിക്കൊട്ടെത്തിയപ്പോഴേക്കും സമയം നട്ടുച്ച!! 

രാവിലെ ഒന്നും കഴിക്കാതെ വായു മാത്രം വലിച്ചു കേറ്റി, വയറു നിറച്ച് നിന്‍റെ കത്തിയും കേട്ട്‌, അപ്പോഴേക്കും എന്‍റെ വയറ് കരഞ്ഞു തുടങ്ങിയിരുന്നു. നേരെ എന്‍റെ പ്രിയപ്പെട്ട ഹോട്ടലായ  ദക്ഷിണിലേക്ക്‌. ഭക്ഷണം കഴിച്ച്, ഫോക്കസില്‍ പോയി നിന്‍റെ ഒടുക്കത്തെ ഷോപ്പിങ്ങും കഴിഞ്ഞപ്പോഴേക്കും ഉച്ച  തിരിഞ്ഞിരുന്നു. പ്ലാനട്ടെറിയത്തില്‍ ഷോയുടെ സമയം കഴിഞ്ഞിട്ടുണ്ടാവുമെന്നു പറഞ്ഞ് ഞാന്‍ തല്ലു കൂടി.. അങ്ങനെ എന്‍റെ പരാതി മാറ്റാന്‍ നീയെന്നെയും വലിച്ചു കൊണ്ട് ബീച്ചിലേക്ക്.. മഴക്കാലത്ത്‌ കടല് കാണാന്‍ ഒരു ഭംഗിയും ഉണ്ടായിരുന്നില്ല; ആകെ കലങ്ങി മറിഞ്ഞ്... എന്നിട്ടും എനിക്കെന്തോ കടലിന്‍റെ അന്നത്തെ ഭാവം ഇഷ്ടമായി..; എന്‍റെ മനസ്സും അന്നങ്ങനെ ആയിരുന്നല്ലോ!! രണ്ടു   മരക്കുറ്റികളിലായി ഇരുന്നു നമ്മള്‍ കുറെ വര്‍ത്തമാനം പറഞ്ഞു. നീയാണ് അന്ന്‌ കൂടുതലും സംസാരിച്ചത്.. കഴിഞ്ഞ കാര്യങ്ങളുടെ   പോസ്റ്റ്‌ മോര്‍ട്ടമോ  കുറ്റസമ്മതമോ മാപ്പു പറച്ചിലോ ആയിരുന്നില്ല  അത്.. നിന്‍റെ വാക്കുകളില്‍ ഒരു നിസ്സഹായതയാണ്  എനിക്കനുഭവപ്പെട്ടത്‌; പേടിപ്പിക്കുന്ന  നിസ്സംഗതയും.. !!

കടലിന്നടുത്തു പോയി കൈപിടിച്ച്‌, ഒരുമിച്ചു കാലു നനയ്ക്കാമെന്നു പറഞ്ഞപ്പോ നീ സമ്മതിച്ചില്ല, നിന്‍റെ സിഗരെറ്റില്‍ നിന്ന്‌ ഒരു പുകയെടുക്കാന്‍ ചോദിച്ചിട്ട്‌ അതും തന്നില്ല; നിന്‍റെ വാശി!! ബീച്ചിനോട് ചേര്‍ന്നുള്ള  ചാരുബെഞ്ചിലിരുന്നു നമ്മുടെ സ്ഥിരം കലാപരിപാടിയായുള്ള  ഫോട്ടോയെടുക്കലും കഴിഞ്ഞ് ഒരു കരിക്കും കുടിച്ച് കനലില്‍ വേവിച്ച  ചോളവും തിന്ന് എണീറ്റ പ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു.. ഓട്ടോയും കാത്ത് എന്‍റെ കുടയുടെ കീഴില്‍ പകുതിയും നനഞ്ഞ് നമ്മള്‍ നിന്നു.. ഞാന്‍ കൊണ്ടതില്‍ വെച്ചേറ്റവും മനോഹരമായ  മഴയായിരുന്നു അത്.. സന്ധ്യക്ക്‌, നിന്നോടൊട്ടി നിന്ന്‌ നമ്മള്‍ ഒരുമിച്ചു നനഞ്ഞ  മഴ.. 

മാനാഞ്ചിറയില്‍ പോവാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം എനിക്കപ്പോഴും ബാക്കി.. "അടുത്ത തവണ  കോഴിക്കോട്ട് വരുമ്പൊ നിന്നെ എന്തായാലും മാനാഞ്ചിറ  കൊണ്ടോവാം" എന്ന് പറഞ്ഞു സമാധാനിപ്പിച്ചു നീ. തിരിച്ചു വരുമ്പൊ ബസ്‌ എത്രയും പതുക്കെ പോവണേ എന്നായിരുന്നു പ്രാര്‍ത്ഥന .. ബസ്സിലിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത്  മുഴുവന്‍ നിന്‍റെ കൂടെയുള്ള  അടുത്ത  കോഴിക്കോട്  യാത്രയെ കുറിച്ചായിരുന്നു.. നിന്‍റെ ഒപ്പമുള്ള യാത്രകളെക്കാളും ഞാനിഷ്ട്ടപ്പെട്ടിരുന്നത് , നിന്നെക്കാണാന്‍ വരുമ്പോഴുള്ള  എന്‍റെ ഒറ്റയ്ക്കുള്ള  യാത്രകളായിരുന്നു.. ആ യാത്രകളില്‍ ഞാന്‍ മനസ്സ് കൊണ്ട്‌ നടത്തിയിരുന്ന  നിനക്കൊപ്പമുള്ള  യാത്രകള്‍.. നമ്മുടെ പ്രണയത്തില്‍ ഞാനേറ്റവും ആസ്വദിചിട്ടുള്ളതും നമ്മുടെ ബസ്‌ യാത്രകളാണ്.. കെ.എസ്‌.ആര്‍.ടി.സി. ബസ്‌ എനിക്ക് പ്രിയപ്പെട്ടതായതും അത് കൊണ്ട്‌ തന്നെ.. നിന്‍റെ കോഴിക്കോടും എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നല്ലോ.. 

ഇന്ന് ഞാന്‍ കോഴിക്കോട്ടുകാരിയായപ്പോള്‍ എന്‍റെ കൂടെ നീയില്ല.. ഇവിടെ വരുന്നതിന് മുമ്പ് നിന്നിലൂടെ ഞാനറിഞ്ഞ  കോഴിക്കോടിനു ഒരു മാറ്റവുമില്ല. നമ്മള്‍ മനസ്സു കൊണ്ട്‌ കൈപിടിച്ച്‌ നടന്ന വഴികളും , മാനാഞ്ചിറയെ ചുറ്റി നില്‍ക്കുന്ന  വിളക്കുകാലുകളും , മിട്ടായിത്തെരുവിലെ തിരക്കും, ബീച്ചില്‍ വീശുന്ന  കാറ്റും .. എല്ലാം നീ പറഞ്ഞ പോലെ തന്നെ ഇപ്പോഴും.. നമ്മള്‍ മാത്രം എന്തേ മാറിപ്പോയത്? നമുക്കിടയിലെ പ്രണയം മാത്രം..?? നിന്‍റെ കൈ പിടിച്ചു നടന്നിരുന്ന  അതേ കുട്ടിയാണ് ഞാനിപ്പോഴും.. നിന്‍റെ കൈ വിട്ടപ്പോള്‍ പതറിപ്പോയ, ആള്‍ക്കൂട്ടത്തില്‍ ഒറ്റക്കായിപ്പോയ  കുട്ടി ...

2 comments:

 1. നിഷ്കളങ്ക പ്രണയത്തിന്റെ നൈര്‍മല്ല്യത്തില്‍ ചാലിച്ചെഴുതിയ വരികള്‍.

  ഊര്‍ന്നുപോയി,
  മഴയുടെ കുളിരില്‍ ചൂടും കുടയുമായിരുന്നവന്‍.
  ഈ തിരക്കില്‍ വിരലുകളിന്നൊറ്റ !

  നിന്റെ വിരഹത്തിലും കഠിനം നിന്നെ തിരഞ്ഞുള്ള യാത്രകള്‍ എന്ന് ഞാന്‍ രാജീവനെ തിരുത്തി വായിക്കുന്നു .

  ReplyDelete
 2. കോഴിക്കോട് മാനാഞ്ചിറ മറക്കാതെ കാണിക്കണം ,....ആശംസകള്‍

  ReplyDelete