Thursday 7 June 2012

ഒരു മഴ ദിവസത്തിന്‍റെ ഓര്‍മയ്ക്ക് ...

ഒരു വര്‍ഷം ... പാഞ്ഞു പോയ ഈ ഒരു വര്‍ഷം നമ്മില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത്? എന്നും ഒരു വിളിപ്പാടകലെ ഉണ്ടായിരുന്ന നീ ഇപ്പൊ എവിടെയാണ്? എന്ത് ചെയ്യുകയാണ്?? അറിയില്ല!!

കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസം ഒരു മഴക്കാലത്തിന പ്പുറത്ത് എനിക്ക് തെളിഞ്ഞു കാണാം.. നമ്മള്‍ ഒന്നിച്ചുള്ള  കോഴിക്കോട് യാത്ര.. പതിവ് പോലെ പറഞ്ഞുറപ്പിച്ച സമയത്തില്‍ നിന്നും ഒരു മണിക്കൂര്‍ വൈകിയ ഞാനും, കൃത്യനിഷ്ട്ടയില്‍ എന്നെ തോല്‍പ്പിച്ച് അതിലും വൈകിയെത്തിയ നീയും.. അങ്ങനെ എന്നും വൈകിയോടുന്ന ട്രെയിന്‍ പോലെ നമ്മുടെ യാത്ര.. കെ.എസ്‌.ആര്‍.ടി.സിയില്‍ തിക്കിത്തിരക്കി രണ്ടു സീറ്റ് ഒപ്പിച്ചു നെടുവീര്‍പ്പിട്ടുകൊണ്ട് തുടക്കം. അകന്നു തുടങ്ങിയിരുന്നെങ്കിലും മനസ്സുകള്‍ നേര്‍ത്ത വെള്ളിനൂല് കൊണ്ട് ബന്ധിച്ചിരുന്നു അപ്പോഴും, അല്ലേ? എത്രയകന്നാലും മിണ്ടാതിരുന്നാലും ഒറ്റ നിമിഷം കൊണ്ട് അതെല്ലാം മറന്ന്, ഇന്നലെ സംസാരിച്ച് നിര്‍ത്തിയിടത്തു നിന്ന് തുടങ്ങുന്ന പോലെ സംസാരിക്കുമായിരുന്നു നമ്മള്‍.. അന്ന് പക്ഷെ എനിക്ക് നിന്നോട് സംസാരിക്കാനേ തോന്നിയില്ല! എന്‍റെ  മനസ് വായിച്ചിട്ടെന്ന  വണ്ണം നീ സംസാരിച്ച് തുടങ്ങി..; മഞ്ഞുരുകി... എന്നത്തെയും പോലെ കോഴിക്കോട്ടെത്തുന്ന വരെ നമ്മള്‍ വായടച്ചില്ല..,നിന്‍റെയും എന്‍റെയും വിശേഷങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, കേട്ട പാട്ടുകള്‍... രസായിരുന്നു.. പോവുന്ന വഴി രണ്ടു തവണ ബസ്‌ ബ്രേക്ക്‌ ഡൌണായി. അങ്ങനെ രണ്ടു ബസ്‌ മാറിക്കേറി നമ്മള്‍ കോഴിക്കൊട്ടെത്തിയപ്പോഴേക്കും സമയം നട്ടുച്ച!! 

രാവിലെ ഒന്നും കഴിക്കാതെ വായു മാത്രം വലിച്ചു കേറ്റി, വയറു നിറച്ച് നിന്‍റെ കത്തിയും കേട്ട്‌, അപ്പോഴേക്കും എന്‍റെ വയറ് കരഞ്ഞു തുടങ്ങിയിരുന്നു. നേരെ എന്‍റെ പ്രിയപ്പെട്ട ഹോട്ടലായ  ദക്ഷിണിലേക്ക്‌. ഭക്ഷണം കഴിച്ച്, ഫോക്കസില്‍ പോയി നിന്‍റെ ഒടുക്കത്തെ ഷോപ്പിങ്ങും കഴിഞ്ഞപ്പോഴേക്കും ഉച്ച  തിരിഞ്ഞിരുന്നു. പ്ലാനട്ടെറിയത്തില്‍ ഷോയുടെ സമയം കഴിഞ്ഞിട്ടുണ്ടാവുമെന്നു പറഞ്ഞ് ഞാന്‍ തല്ലു കൂടി.. അങ്ങനെ എന്‍റെ പരാതി മാറ്റാന്‍ നീയെന്നെയും വലിച്ചു കൊണ്ട് ബീച്ചിലേക്ക്.. മഴക്കാലത്ത്‌ കടല് കാണാന്‍ ഒരു ഭംഗിയും ഉണ്ടായിരുന്നില്ല; ആകെ കലങ്ങി മറിഞ്ഞ്... എന്നിട്ടും എനിക്കെന്തോ കടലിന്‍റെ അന്നത്തെ ഭാവം ഇഷ്ടമായി..; എന്‍റെ മനസ്സും അന്നങ്ങനെ ആയിരുന്നല്ലോ!! രണ്ടു   മരക്കുറ്റികളിലായി ഇരുന്നു നമ്മള്‍ കുറെ വര്‍ത്തമാനം പറഞ്ഞു. നീയാണ് അന്ന്‌ കൂടുതലും സംസാരിച്ചത്.. കഴിഞ്ഞ കാര്യങ്ങളുടെ   പോസ്റ്റ്‌ മോര്‍ട്ടമോ  കുറ്റസമ്മതമോ മാപ്പു പറച്ചിലോ ആയിരുന്നില്ല  അത്.. നിന്‍റെ വാക്കുകളില്‍ ഒരു നിസ്സഹായതയാണ്  എനിക്കനുഭവപ്പെട്ടത്‌; പേടിപ്പിക്കുന്ന  നിസ്സംഗതയും.. !!

കടലിന്നടുത്തു പോയി കൈപിടിച്ച്‌, ഒരുമിച്ചു കാലു നനയ്ക്കാമെന്നു പറഞ്ഞപ്പോ നീ സമ്മതിച്ചില്ല, നിന്‍റെ സിഗരെറ്റില്‍ നിന്ന്‌ ഒരു പുകയെടുക്കാന്‍ ചോദിച്ചിട്ട്‌ അതും തന്നില്ല; നിന്‍റെ വാശി!! ബീച്ചിനോട് ചേര്‍ന്നുള്ള  ചാരുബെഞ്ചിലിരുന്നു നമ്മുടെ സ്ഥിരം കലാപരിപാടിയായുള്ള  ഫോട്ടോയെടുക്കലും കഴിഞ്ഞ് ഒരു കരിക്കും കുടിച്ച് കനലില്‍ വേവിച്ച  ചോളവും തിന്ന് എണീറ്റ പ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു.. ഓട്ടോയും കാത്ത് എന്‍റെ കുടയുടെ കീഴില്‍ പകുതിയും നനഞ്ഞ് നമ്മള്‍ നിന്നു.. ഞാന്‍ കൊണ്ടതില്‍ വെച്ചേറ്റവും മനോഹരമായ  മഴയായിരുന്നു അത്.. സന്ധ്യക്ക്‌, നിന്നോടൊട്ടി നിന്ന്‌ നമ്മള്‍ ഒരുമിച്ചു നനഞ്ഞ  മഴ.. 

മാനാഞ്ചിറയില്‍ പോവാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം എനിക്കപ്പോഴും ബാക്കി.. "അടുത്ത തവണ  കോഴിക്കോട്ട് വരുമ്പൊ നിന്നെ എന്തായാലും മാനാഞ്ചിറ  കൊണ്ടോവാം" എന്ന് പറഞ്ഞു സമാധാനിപ്പിച്ചു നീ. തിരിച്ചു വരുമ്പൊ ബസ്‌ എത്രയും പതുക്കെ പോവണേ എന്നായിരുന്നു പ്രാര്‍ത്ഥന .. ബസ്സിലിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത്  മുഴുവന്‍ നിന്‍റെ കൂടെയുള്ള  അടുത്ത  കോഴിക്കോട്  യാത്രയെ കുറിച്ചായിരുന്നു.. നിന്‍റെ ഒപ്പമുള്ള യാത്രകളെക്കാളും ഞാനിഷ്ട്ടപ്പെട്ടിരുന്നത് , നിന്നെക്കാണാന്‍ വരുമ്പോഴുള്ള  എന്‍റെ ഒറ്റയ്ക്കുള്ള  യാത്രകളായിരുന്നു.. ആ യാത്രകളില്‍ ഞാന്‍ മനസ്സ് കൊണ്ട്‌ നടത്തിയിരുന്ന  നിനക്കൊപ്പമുള്ള  യാത്രകള്‍.. നമ്മുടെ പ്രണയത്തില്‍ ഞാനേറ്റവും ആസ്വദിചിട്ടുള്ളതും നമ്മുടെ ബസ്‌ യാത്രകളാണ്.. കെ.എസ്‌.ആര്‍.ടി.സി. ബസ്‌ എനിക്ക് പ്രിയപ്പെട്ടതായതും അത് കൊണ്ട്‌ തന്നെ.. നിന്‍റെ കോഴിക്കോടും എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നല്ലോ.. 

ഇന്ന് ഞാന്‍ കോഴിക്കോട്ടുകാരിയായപ്പോള്‍ എന്‍റെ കൂടെ നീയില്ല.. ഇവിടെ വരുന്നതിന് മുമ്പ് നിന്നിലൂടെ ഞാനറിഞ്ഞ  കോഴിക്കോടിനു ഒരു മാറ്റവുമില്ല. നമ്മള്‍ മനസ്സു കൊണ്ട്‌ കൈപിടിച്ച്‌ നടന്ന വഴികളും , മാനാഞ്ചിറയെ ചുറ്റി നില്‍ക്കുന്ന  വിളക്കുകാലുകളും , മിട്ടായിത്തെരുവിലെ തിരക്കും, ബീച്ചില്‍ വീശുന്ന  കാറ്റും .. എല്ലാം നീ പറഞ്ഞ പോലെ തന്നെ ഇപ്പോഴും.. നമ്മള്‍ മാത്രം എന്തേ മാറിപ്പോയത്? നമുക്കിടയിലെ പ്രണയം മാത്രം..?? നിന്‍റെ കൈ പിടിച്ചു നടന്നിരുന്ന  അതേ കുട്ടിയാണ് ഞാനിപ്പോഴും.. നിന്‍റെ കൈ വിട്ടപ്പോള്‍ പതറിപ്പോയ, ആള്‍ക്കൂട്ടത്തില്‍ ഒറ്റക്കായിപ്പോയ  കുട്ടി ...

Tuesday 17 April 2012


 22 FEMALE KOTTAYAM -
   ഒരു വ്യത്യസ്ത സിനിമാനുഭവം 

എല്ലാ പെണ്‍കുട്ടികളും കണ്ടിരിക്കേണ്ട ചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിച്ചാല്‍ തെറ്റാവും; എല്ലാ മനുഷ്യരും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ആഷിഖ് അബു ഒരുക്കിയിരിക്കുന്നത്. ഒരു വലിയ നഗരത്തില്‍ തന്നെ കാത്തിരിക്കുന്ന അപകടങ്ങള്‍ എന്തെന്ന് ഓരോ പെണ്‍കുട്ടിയെയും ഓര്‍മിപ്പിക്കുന്നു 22 ഫീമെയില്‍ കോട്ടയം. പെണ്‍കുട്ടികളെ ജാഗരൂകരാക്കുകയാണീ സിനിമ ചെയ്യുന്നത്. വളരെ നിറപ്പകിട്ടോടെ കാമ്പുള്ള ഒരു കഥ പറഞ്ഞിരിക്കുന്നു സംവിധായകന്‍. കാഴ്ചക്കാര്‍ക്ക് ഒട്ടും വിരസത തോന്നിക്കാത്ത വിധമാണ് ഈ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. പിരിമുറുക്കമുള്ള സന്ദര്‍ഭങ്ങള്‍ പോലും തമാശയുടെ മേമ്പൊടി ചേര്‍ത്ത് മനോഹരമാക്കിയിരിക്കുന്നു. എന്നാല്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ പോലെ ഒരു മുഴുനീള "entertainer" അല്ല 22 FK .


ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളും  പ്രതീക്ഷകളും വെച്ച് പുലര്‍ത്തുന്ന ടെസ്സ എബ്രഹാം എന്ന ഇരുപത്തിരണ്ടുകാരിയായി എത്തുന്ന റിമയുടെ അഭിനയം അഭിനന്ദനാര്‍ഹമാണ് ... ചിത്രത്തിന്‍റെ രണ്ടാം പകുതിയിലെ റിമയുടെ പക്വതയാര്‍ന്ന പ്രകടനം എടുത്തു പറയേണ്ടതാണ്. ഫഹദ് ഫാസില്‍ ഓരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ മെച്ചപ്പെട്ട അഭിനയം കാഴ്ച വയ്ക്കുന്നു. നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്യാനും തന്‍റെ സുന്ദരമായ മുഖത്തിനു കഴിയും എന്നീ ചെറുപ്പക്കാരന്‍ തെളിയിച്ചിരിക്കുന്നു. കാസ്ടിങ്ങിലും ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നു. കണ്ടു മടുത്ത മുഖങ്ങളെ  ഒഴിവാക്കി പ്രതാപ്‌ പോത്തന്‍, ടി.ജി. രവി, സത്താര്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തതില്‍ തനിക്കു തെറ്റ് പറ്റിയിട്ടില്ലെന്നു സംവിധായകന് അഭിമാനിക്കാം. എല്ലാ അഭിനേതാക്കളും തങ്ങളുടെ റോള്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പഴയ സിനിമകളില്‍ വില്ലനായി തിളങ്ങിയിരുന്ന ടി.ജി.രവി, തനിക്കു കോമഡിയും വഴങ്ങും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പാട്ടുകാരിയായി സിനിമയിലെത്തിയ രശ്മി സതീഷിന്‍റെ അഭിനയത്തിലേക്കുള്ള  ദ്യത്തെ കാല്‍വയ്പ്പ്‌ ഗംഭീരമായിരിക്കുന്നു. രശ്മി ഒരു പുതുമുഖത്തിന്‍റെ പതര്‍ച്ചകളില്ലാതെ തന്‍റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയിരിക്കുന്നു. ടെസ്സയുടെ കൂട്ടുകാരിയായും അനിയത്തിയായും അഭിനയിച്ച പെണ്‍കുട്ടികളും ചെറുതെങ്കിലും, അവരുടെ കഥാപാത്രങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.


സിനിമയില്‍ കഥയ്ക്ക്‌ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മാത്രമേ പാട്ട് ഉപയോഗിച്ചിട്ടുള്ളൂ. AVIAL ബാന്‍ഡിന്റെ title song ശ്രദ്ധേയമായി. റെക്സ്  വിജയന്‍ സംഗീതം നല്‍കിയ  മറ്റൊരു പാട്ടും സിനിമയില്‍ ഉണ്ട്. രണ്ടു പാട്ടുകളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിലെ കാമറയും വസ്ത്രാലങ്കാരവും എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ്. നമ്മുടെ സംസ്കാരത്തിന് യോജിക്കാത്ത തരത്തിലുള്ള സിനിമകളാണ് ഇപ്പോള്‍ ഇറങ്ങുന്നത് എന്ന് വിമര്‍ശിക്കുന്നവരോട് സംസ്കാരം മാറിക്കൊണ്ടിരിക്കുന്നു എന്ന മറുപടി നല്‍കുകയാണ് ഈ സിനിമ. നമ്മുടെ ചുറ്റുപാടും നടക്കുന്ന പച്ചയായ സംഭവങ്ങള്‍ ഒട്ടും അതിശയോക്തിയില്ലാതെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഒരുപരിധി വരെ വിജയിച്ചിട്ടുമുണ്ട്. എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കാനുള്ള ചേരുവകള്‍ ഈ ചിത്രത്തിലുണ്ട്. മലയാള സിനിമയില്‍ വീശുന്ന മാറ്റത്തിന്‍റ കാറ്റിനു പുതിയൊരു  ഗതി നിര്‍ണയിക്കാന്‍ 22  FK  ക്ക് ആകും എന്ന് നിസ്സംശയം പറയാം.


ഇനി ഈ സിനിമയെ കുറിച്ച് എന്‍റെ വ്യക്തിപരമായ രേഖപ്പെടുത്തലുകള്‍:

അടിസ്ഥാനപരമായി ഇത് ഒരു പ്രണയകഥയാണ്. സ്ത്രീയുടെ പ്രണയം ചൂഷണം ചെയ്യപ്പെടുന്നതിന്റെ കഥ! സ്നേഹം എന്നും സ്ത്രീയുടെ ദൌര്‍ബല്യമാണ്. ആ ദൌര്‍ബല്യത്തെ ചില പുരുഷന്മാര്‍ എങ്കിലും ഉപയോഗിക്കാറുണ്ട്. അങ്ങനെയുള്ള പുരുഷന്മാര്‍ക്ക് ശക്തമായ ഒരു താക്കീത് കൂടിയാണ് ഈ സിനിമ. സ്നേഹിക്കാന്‍ മാത്രമല്ല, സംഹരിക്കാനും സ്ത്രീക്ക് കഴിവുണ്ടെന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍.. ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ഡയലോഗുണ്ട്; ടെസ്സ സിറിലിനോട്  പറയുന്നു: "നിന്നെ എങ്ങനെ ശിക്ഷിക്കണം എന്ന് ഞാന്‍ ഒരുപാടാലോചിച്ചു, ഒടുക്കം നിന്‍റെ അമ്മയുടെ സ്ഥാനത്ത് നിന്ന് വരെ ഞാന്‍ ആലോചിച്ചു, എന്നിട്ടും ഇതില്‍ കുറഞ്ഞൊന്നും തോന്നിയില്ല" എന്ന്. ഇതിന്‍റെ ക്ലൈമാക്സ്‌ കുറച്ചു അതിശയോക്തി കലര്‍ന്നതാണെന്നും അക്രമവാസനെയെ വളര്‍ത്തുന്നുവെന്നും പറയുന്നവരോട് ഒരു വാക്ക്, ജീവിതത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സിനിമയില്‍ കൂടിയുള്ള  പ്രതികരണങ്ങള്‍ പോലും അസഹിഷ്ണുതയോടെ നേരിടുന്നത് കഷ്ടമാണ്!! എന്നെ സംബന്ധിച്ചിടത്തോളം ഇതിലെ ഏറ്റവും മനോഹരമായ ഭാഗം ഇതിന്‍റെ ക്ലൈമാക്സ്‌ തന്നെയാണ്. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ വളരെയധികം ധൈര്യം തരുന്നു ഈ സിനിമയുടെ അവസാനം. ഒരുപറ്റം നല്ല സിനിമാ പ്രവര്‍ത്തകരുടെ, നല്ല ശ്രമം ആണ് 22 ഫീമെയില്‍ കോട്ടയം. ഫഹദ് ഫാസില്‍ പറഞ്ഞത് പോലെ സ്ത്രീകള്‍ക്ക്  വേണ്ടി പുരുഷന്മാരുടെ സമര്‍പ്പണം. :))

Saturday 7 April 2012


            പാതി നിര്‍ത്തിയ കത്ത് 



എന്റെ മേഘക്കീറെ,

ഇത് നിനക്കാണ്...നിന്റെ നെഞ്ചത്ത് കയറിയിരുന്നു ഞാനെഴുതുന്ന കത്ത്! :D സന്ധിയില്ലാത്ത തല്ലിലും നിന്നോട് പ്രണയം (മാത്രം) കാത്തു സൂക്ഷിക്കുന്ന, പൊട്ടത്തിയായ ഈ കുഞ്ഞു താരകത്തിന്റെ പ്രണയലേഖനം! എന്റെ തോന്ന്യാക്ഷരങ്ങള്!!ഇതല്ലാതെ നിനക്കും, നീ ഭൂമിയിലേക്ക്‌ ഇറങ്ങി വന്ന ഈ ദിവസത്തിനും തരാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ല. അപ്പൊ ചുമ്മാ കണ്ണും ചിമ്മി ഒരു കത്തങ്ങു കാച്ചാംന്നു വിചാരിച്ചു.. :) 


നിനക്കോര്‍മ്മയുണ്ടോ, ഇടിമിന്നലില്‍ പേടിച്ചു വിറച്ചു നിന്നിരുന്ന എന്നെ നിന്റെ പഞ്ഞിക്കട്ട പോലത്തെ ചിറകിനടിയില്‍ ഒളിപ്പിച്ചു നിര്‍ത്തിയത്?? പിന്നെ.. നമ്മള് രണ്ടാളും കൂടി രാത്രിയില്‍ മഴ പെയ്യിച്ചു ഭൂമി മുഴുവനും നനയുന്നത് നോക്കി  നിന്നത്.. നിന്റെ തോളിലേറ്റി താഴെയുള്ള ലോകം മുഴുവന്‍ എനിക്ക് കാണിച്ചു തന്നത്?? നമുക്കെന്നും ഒരാകാശമാണെന്ന് പറഞ്ഞു പൊട്ടി പൊട്ടിച്ചിരിച്ചത്? ആ ആകാശത്തിന്റെ ഒരു കഷണം ആണ് ഈ കഷണം!  മനസിലായോ?? നിനക്ക് മനസിലാവുന്നുണ്ടോ തെമ്മാടി മേഘമേ ഞാനീ പറയണതൊക്കെ?? 



മാനത്ത് നിന്നങ്ങനെ കണ്ണ് ചിമ്മി താഴേക്കു നോക്കിയപ്പോള്‍ ദാ പോവുന്നു ഒരു രണ്ടു വരി കവിതക്കുട്ടി! അവളെ ഞാനിങ്ങെടുത്തു.. നിനക്ക് തരാന്‍ വേണ്ടി.. ദാ ഇവിടന്നങ്ങട് എറിയുന്നുണ്ട്‌.. പിടിച്ചോ.. 




"നിന്റെ ഉറക്കച്ചടവുള്ള ക്ഷീണിച്ച കണ്ണുകളില്‍ മയങ്ങുകയാണ് എന്റെ സ്വപ്നം.. അതിനു താഴെയുള്ള പാതി മാഞ്ഞ കാക്കാപ്പുള്ളിയാണ് എന്റെ പ്രണയം... "



പിന്നെ.. പിന്നെ വേറൊന്നുമില്ല.. പോ!!!