Tuesday, 17 April 2012


 22 FEMALE KOTTAYAM -
   ഒരു വ്യത്യസ്ത സിനിമാനുഭവം 

എല്ലാ പെണ്‍കുട്ടികളും കണ്ടിരിക്കേണ്ട ചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിച്ചാല്‍ തെറ്റാവും; എല്ലാ മനുഷ്യരും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ആഷിഖ് അബു ഒരുക്കിയിരിക്കുന്നത്. ഒരു വലിയ നഗരത്തില്‍ തന്നെ കാത്തിരിക്കുന്ന അപകടങ്ങള്‍ എന്തെന്ന് ഓരോ പെണ്‍കുട്ടിയെയും ഓര്‍മിപ്പിക്കുന്നു 22 ഫീമെയില്‍ കോട്ടയം. പെണ്‍കുട്ടികളെ ജാഗരൂകരാക്കുകയാണീ സിനിമ ചെയ്യുന്നത്. വളരെ നിറപ്പകിട്ടോടെ കാമ്പുള്ള ഒരു കഥ പറഞ്ഞിരിക്കുന്നു സംവിധായകന്‍. കാഴ്ചക്കാര്‍ക്ക് ഒട്ടും വിരസത തോന്നിക്കാത്ത വിധമാണ് ഈ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. പിരിമുറുക്കമുള്ള സന്ദര്‍ഭങ്ങള്‍ പോലും തമാശയുടെ മേമ്പൊടി ചേര്‍ത്ത് മനോഹരമാക്കിയിരിക്കുന്നു. എന്നാല്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ പോലെ ഒരു മുഴുനീള "entertainer" അല്ല 22 FK .


ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളും  പ്രതീക്ഷകളും വെച്ച് പുലര്‍ത്തുന്ന ടെസ്സ എബ്രഹാം എന്ന ഇരുപത്തിരണ്ടുകാരിയായി എത്തുന്ന റിമയുടെ അഭിനയം അഭിനന്ദനാര്‍ഹമാണ് ... ചിത്രത്തിന്‍റെ രണ്ടാം പകുതിയിലെ റിമയുടെ പക്വതയാര്‍ന്ന പ്രകടനം എടുത്തു പറയേണ്ടതാണ്. ഫഹദ് ഫാസില്‍ ഓരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ മെച്ചപ്പെട്ട അഭിനയം കാഴ്ച വയ്ക്കുന്നു. നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്യാനും തന്‍റെ സുന്ദരമായ മുഖത്തിനു കഴിയും എന്നീ ചെറുപ്പക്കാരന്‍ തെളിയിച്ചിരിക്കുന്നു. കാസ്ടിങ്ങിലും ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നു. കണ്ടു മടുത്ത മുഖങ്ങളെ  ഒഴിവാക്കി പ്രതാപ്‌ പോത്തന്‍, ടി.ജി. രവി, സത്താര്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തതില്‍ തനിക്കു തെറ്റ് പറ്റിയിട്ടില്ലെന്നു സംവിധായകന് അഭിമാനിക്കാം. എല്ലാ അഭിനേതാക്കളും തങ്ങളുടെ റോള്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പഴയ സിനിമകളില്‍ വില്ലനായി തിളങ്ങിയിരുന്ന ടി.ജി.രവി, തനിക്കു കോമഡിയും വഴങ്ങും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പാട്ടുകാരിയായി സിനിമയിലെത്തിയ രശ്മി സതീഷിന്‍റെ അഭിനയത്തിലേക്കുള്ള  ദ്യത്തെ കാല്‍വയ്പ്പ്‌ ഗംഭീരമായിരിക്കുന്നു. രശ്മി ഒരു പുതുമുഖത്തിന്‍റെ പതര്‍ച്ചകളില്ലാതെ തന്‍റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയിരിക്കുന്നു. ടെസ്സയുടെ കൂട്ടുകാരിയായും അനിയത്തിയായും അഭിനയിച്ച പെണ്‍കുട്ടികളും ചെറുതെങ്കിലും, അവരുടെ കഥാപാത്രങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.


സിനിമയില്‍ കഥയ്ക്ക്‌ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മാത്രമേ പാട്ട് ഉപയോഗിച്ചിട്ടുള്ളൂ. AVIAL ബാന്‍ഡിന്റെ title song ശ്രദ്ധേയമായി. റെക്സ്  വിജയന്‍ സംഗീതം നല്‍കിയ  മറ്റൊരു പാട്ടും സിനിമയില്‍ ഉണ്ട്. രണ്ടു പാട്ടുകളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിലെ കാമറയും വസ്ത്രാലങ്കാരവും എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ്. നമ്മുടെ സംസ്കാരത്തിന് യോജിക്കാത്ത തരത്തിലുള്ള സിനിമകളാണ് ഇപ്പോള്‍ ഇറങ്ങുന്നത് എന്ന് വിമര്‍ശിക്കുന്നവരോട് സംസ്കാരം മാറിക്കൊണ്ടിരിക്കുന്നു എന്ന മറുപടി നല്‍കുകയാണ് ഈ സിനിമ. നമ്മുടെ ചുറ്റുപാടും നടക്കുന്ന പച്ചയായ സംഭവങ്ങള്‍ ഒട്ടും അതിശയോക്തിയില്ലാതെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഒരുപരിധി വരെ വിജയിച്ചിട്ടുമുണ്ട്. എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കാനുള്ള ചേരുവകള്‍ ഈ ചിത്രത്തിലുണ്ട്. മലയാള സിനിമയില്‍ വീശുന്ന മാറ്റത്തിന്‍റ കാറ്റിനു പുതിയൊരു  ഗതി നിര്‍ണയിക്കാന്‍ 22  FK  ക്ക് ആകും എന്ന് നിസ്സംശയം പറയാം.


ഇനി ഈ സിനിമയെ കുറിച്ച് എന്‍റെ വ്യക്തിപരമായ രേഖപ്പെടുത്തലുകള്‍:

അടിസ്ഥാനപരമായി ഇത് ഒരു പ്രണയകഥയാണ്. സ്ത്രീയുടെ പ്രണയം ചൂഷണം ചെയ്യപ്പെടുന്നതിന്റെ കഥ! സ്നേഹം എന്നും സ്ത്രീയുടെ ദൌര്‍ബല്യമാണ്. ആ ദൌര്‍ബല്യത്തെ ചില പുരുഷന്മാര്‍ എങ്കിലും ഉപയോഗിക്കാറുണ്ട്. അങ്ങനെയുള്ള പുരുഷന്മാര്‍ക്ക് ശക്തമായ ഒരു താക്കീത് കൂടിയാണ് ഈ സിനിമ. സ്നേഹിക്കാന്‍ മാത്രമല്ല, സംഹരിക്കാനും സ്ത്രീക്ക് കഴിവുണ്ടെന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍.. ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ഡയലോഗുണ്ട്; ടെസ്സ സിറിലിനോട്  പറയുന്നു: "നിന്നെ എങ്ങനെ ശിക്ഷിക്കണം എന്ന് ഞാന്‍ ഒരുപാടാലോചിച്ചു, ഒടുക്കം നിന്‍റെ അമ്മയുടെ സ്ഥാനത്ത് നിന്ന് വരെ ഞാന്‍ ആലോചിച്ചു, എന്നിട്ടും ഇതില്‍ കുറഞ്ഞൊന്നും തോന്നിയില്ല" എന്ന്. ഇതിന്‍റെ ക്ലൈമാക്സ്‌ കുറച്ചു അതിശയോക്തി കലര്‍ന്നതാണെന്നും അക്രമവാസനെയെ വളര്‍ത്തുന്നുവെന്നും പറയുന്നവരോട് ഒരു വാക്ക്, ജീവിതത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സിനിമയില്‍ കൂടിയുള്ള  പ്രതികരണങ്ങള്‍ പോലും അസഹിഷ്ണുതയോടെ നേരിടുന്നത് കഷ്ടമാണ്!! എന്നെ സംബന്ധിച്ചിടത്തോളം ഇതിലെ ഏറ്റവും മനോഹരമായ ഭാഗം ഇതിന്‍റെ ക്ലൈമാക്സ്‌ തന്നെയാണ്. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ വളരെയധികം ധൈര്യം തരുന്നു ഈ സിനിമയുടെ അവസാനം. ഒരുപറ്റം നല്ല സിനിമാ പ്രവര്‍ത്തകരുടെ, നല്ല ശ്രമം ആണ് 22 ഫീമെയില്‍ കോട്ടയം. ഫഹദ് ഫാസില്‍ പറഞ്ഞത് പോലെ സ്ത്രീകള്‍ക്ക്  വേണ്ടി പുരുഷന്മാരുടെ സമര്‍പ്പണം. :))

4 comments:

 1. സിനിമകണ്ടില്ല . എല്ലാരും പറയുന്നു മികച്ചതെന്നു . അമാനുഷിക നക്ഷത്രങ്ങളുടെ സിനിമകള്‍ കണ്ടു കണ്ടു, ഗ്രഹണി പിടിച്ച കൊച്ചു ചക്ക കൂട്ടാന്‍ കണ്ടപോലെ, മലയാളി ചാടി വീണു തുടങ്ങി ,കുറച്ചെങ്കിലും ഭേദപ്പെട്ട ഒന്ന് വരുമ്പോള്‍ . നക്ഷത്രങ്ങള്‍ ഇല്ലാത്ത ആക്ശത്ത് നിലാവ് കണ്ടേക്കാം എന്ന ചിന്ത .

  സ്ത്രീപക്ഷ ചിന്തകള്‍ പീഡിതവര്‍ഗ്ഗപക്ഷ ചിന്തകള്‍ ആയി തീരുന്നത് കൂടുതം പുരോഗമനകരം എന്ന് സ്വന്തം അഭിപ്രായം .
  പീഡിതദുര്ബ്ബലരില്‍, ഭൂരിപക്ഷം അബലകള്‍ എന്ന സത്യം മറന്നിട്ടല്ല ഇത് പറയുന്നത് .
  അധികാരം കയ്യാളുന്നവര്‍ സൃഷ്ട്ടിക്കുന്ന ചൂഷക വര്‍ഗങ്ങള്‍ക്ക് ലിനഗ ഭേദം കല്പ്പിക്കേണ്ടാതില്ല എന്ന തോന്നല്‍ .

  ReplyDelete
 2. ഈ കുറിപ്പ് വായിച്ചപ്പോള്‍ സിനിമ കാണണമെന്ന ആഗ്രഹം ശക്തം ...ഉപ്പും മുളകിനും ശേഷം ആഷിക്ക് തന്റെ വിഭവങ്ങളുടെ സ്വാദ് വര്‍ദ്ധിപ്പിക്കാനേ തരമുള്ളൂ...പീഠിത വര്‍ഗ്ഗമെന്ന് മുദ്ര കുത്തി ചുരുങ്ങുന്ന സ്ത്രീ വര്‍ഗത്തിനു ഒരുയിര്‍ത്തെഴുന്നേല്പ്പിന്റെ അഥവാ സംഹാര രൂപിണിയുടെ ഭാവം കൂടിയുണ്ടെന്നു പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുന്നതിലുപരി അധഃകൃത വര്‍ഗമെന്ന പേരിലുറങ്ങുന്ന സ്ത്രീ സമൂഹത്തെ ഒന്നാകെ ഉണര്‍ത്താനായാല്‍ ....സാമൂഹ്യ പ്രതിബദ്ധത ഇങനെയൊക്കെയാണു ഓരോ കലാകാരനും പ്രകടിപ്പിക്കേണ്ടത്...

  ReplyDelete
 3. എല്ലാ പെണ്‍കുട്ടികളും കണ്ടിരിക്കേണ്ട ചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിച്ചാല്‍ തെറ്റാവും; എല്ലാ മനുഷ്യരും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ആഷിഖ് അബു ഒരുക്കിയിരിക്കുന്നത്.
  ============================
  സ്ത്രീ പക്ഷ സിനിമയെന്നും സ്ത്രീ ശാക്തീകരണം എന്നുമൊക്കെ ട്രെയിലറിലും പോസ്റ്ററുകളിലും കൊട്ടി ഘോഷിച്ചു വരുന്ന ഈ ചിത്രം ഇവയെല്ലാം ഗൗരവമായി പങ്കു വെക്കുന്നുണ്ടെന്ന് പറയാനാവില്ല. ലൈംഗിക സ്വാതന്ത്ര്യം ചറ്ച്ച ചെയ്യപ്പെടേണ്ട വിഷയം ആണെങ്കിലും സ്ത്രീ ശരീരത്തിന്റെ വാണിജ്യ സാധ്യത ഉപയോഗപ്പെടുത്തുന്ന നായികമാറ് ഒരിക്കലും സ്ത്രീശാക്തീകരണത്തിന്റെ പ്രതിബിംബം ആകുന്നത് ആരോഗ്യകരമല്ലെന്നു തോന്നുന്നു. ഈ സിനിമയില്‍ ഒരു തമിഴ് സ്ത്രീ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്.അതിനെ മലയാളത്തിലാക്കിയപ്പോള്‍ തമിഴില്‍ വലിയ പിടിപാടില്ലെങ്കിലും ഇങ്ങനെ ആണെനിക്കു മനസ്സിലായത്. : "നമ്മള്‍ സ്ത്രീകള്‍ ആയുധവുമായാണ്‍ ജനിച്ചു വീഴുന്നത്.അതാണ്‍ നമ്മുടെ ശക്തിയും ശാപവും" ഒരു പക്ഷെ ഈ ഒരു ഡയലോഗില്‍ ആ ചിത്രത്തിന്റെ സത്ത കുറെ ഏറെ ഒക്കെ ഒതുക്കി വെക്കാന്‍ കഴിയും.

  ഫെമിനിസം എന്നു പറയുന്നത് ആണിന്റെ മുകളില്‍ ഉള്ള പെണ്ണിന്റെ വിജയം അല്ല.ആണിനെക്കാള്‍ ലാഘവത്തോടെ മദ്യപിക്കുകയും അവന്റെ മുകളില്‍ പ്രതികാരത്തിന്റെ വിജയം സ്ഥാപിക്കുകയും ചെയ്താല്‍ ചിത്രം സ്ത്രീപക്ഷം ആകണം എന്നില്ല . ഒരു പെണ്ണ് ആണിന്റെ ചന്തി നോക്കി നൈസ് ആസ് എന്നു പറയുന്നത് ചിന്തയുടെ വിപ്ലവമാക്കി സ്ത്രീ ശാക്തീകരണം എന്നു പറയുന്നവര്‍ ഒരു ആണ്‍ സ്ത്രീയുടെ ചന്തി നോക്കീ ഈ ഡയലോഗ് പറഞ്ഞാല്‍ എന്തായിരിക്കും വിലയിരുത്തുക.മീശമാധവന്‍ എന്ന സിനിമയില്‍ ഉറങ്ങുന്ന നായികയെ നോക്കി " ദേ ഒരു റേപ്പ് വെച്ചു തന്നാലുണ്ടല്ലോ" എന്ന് പറയുന്നത് മലയാള സ്ത്രീത്വത്തിനു മേലുള്ള കൊഞ്ഞനം കുത്തല്‍ തന്നെയാണ്‍.അതുകൊണ്ട് ശരീരത്തെ ഉപഭോഗ ചരക്കായി മാത്രം കാണുന്ന ഏത് ഡയലോഗിനെയും ശാക്തീകരണമെന്നോ സ്വാതന്ത്ര്യമെന്നോ വിപ്ലവമെന്നൊ ഒക്കെ വിളിക്കുന്നത് അധികപ്രസംഗം ആണ്‍.

  എന്തായാലും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ പോലെ ആഷിക്ക് അബു ഇവിടെ ദോശ ചുട്ട കഥ അല്ല പറഞ്ഞത്.ചുട്ടതെന്തായാലും ചൂടപ്പം പോലെ വിറ്റഴിയണം എന്നതാണല്ലൊ വിപണിയുടെ വിജയം.ഒരു കച്ചവട സിനിമയുടെ ചേരുവകളിലൊതുങ്ങാതെ പലതും ധൈര്യപൂര്‍വ്വം പറയാന്‍ ശ്രമിക്കുന്നുണ്ട് ഇവിടെ ആഷിക് അബു.പക്ഷെ ഇതിനെ ഒരു സ്ത്രീ പക്ഷ സിനിമ ആണെന്ന് ഉറപ്പിച്ചു പറയാന്‍ ആകില്ല.

  എന്തായാലും മനോഹരമായ ക്യാമറയും നല്ല സംവിധാനവും സമകാലിക വാണിജ്യ സിനിമകളില്‍ നിന്നു വ്യത്യസ്തത തരുന്ന കഥയും തിരക്കഥയുമെല്ലാം ഇതിന്‍ വേറിട്ടൊരു മുഖം നല്‍കുന്നുണ്ട്. മലയാള സിനിമയില്‍ വന്നിരിക്കുന്ന പരീക്ഷണോന്മുഖമായ പുതിയ ട്രെന്‍ഡിനോട് ഈ ചിത്രവും കൂട്ടി വായിക്കാം.

  ReplyDelete
 4. കിടിലന്‍, നീ നന്നായി റിവ്യൂ എഴുതുനുണ്ടല്ലോ. If any magazine editors see this, you are kidnapped for sure.

  ReplyDelete